വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ സ്തംഭനിരയ്ക്കു സമീപം പ്രവർത്തിക്കുന്ന സൗജന്യ ക്ലിനിക് നവീകരിച്ചു. ഇന്നു നടക്കുന്ന പാവങ്ങളുടെ ലോകദിനത്തോടനുബന്ധിച്ചാണ് ഔട്ട്പേഷ്യന്റ് ക്ലിനിക് നവീകരിച്ചത്. സെന്റ് മാർട്ടിൻ ക്ലിനിക് എന്നപേരിലുള്ള ഇതിന്റെ ഉദ്ഘാടനം ലെയോ പതിനാലാമൻ മാർപാപ്പ നിർവഹിച്ചു.
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഹെൽത്ത് ആൻഡ് ഹൈജീൻ ഡയറക്ടറേറ്റാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്ലിനിക് സജ്ജമാക്കിയത്. രണ്ടു പരിശോധനാമുറികളും അത്യാധുനിക ഉപകരണങ്ങളും റേഡിയോളജി സേവനവും സജ്ജീകരിച്ചിട്ടുണ്ട്.
ഏറ്റവും നൂതനമായ എക്സ്റേ യൂണിറ്റിൽ ന്യുമോണിയ, അസ്ഥി ഒടിവുകൾ, ട്യൂമറുകൾ, ഡീജനറേറ്റീവ് രോഗങ്ങൾ, വൃക്കയിലെ കല്ലുകൾ, കുടൽ തടസങ്ങൾ എന്നിവ സംബന്ധിച്ച് വേഗത്തിലും കൃത്യമായുമുള്ള രോഗനിർണയം നടത്താനാവും. എട്ട് ഡോക്ടർമാരും നാല് നഴ്സുമാരും രണ്ട് സന്നദ്ധപ്രവർത്തകരുമാണ് ഇവിടെ സേവനം അനുഷ്ഠി ക്കുന്നത്. മാനസികാരോഗ്യ വിദഗ്ധരുടെ സേവനവും ക്ലിനിക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പാവപ്പെട്ട ആളുകൾക്ക് സൗജന്യ ചികിത്സ നൽകാൻ പത്തു വർഷമായി വത്തിക്കാനിൽ ക്ലിനിക് പ്രവർത്തിക്കുന്നുണ്ട്. ഫ്രാൻസിസ് മാർപാപ്പയാണ് ഇതിനു തുടക്കമിട്ടത്.